Monday, April 18, 2011

Bloggers meet @ thunjan parambu...thiroor.....


------------------------------------------













മലയാള ഭാഷയുടെ തറവാട്ടു മുറ്റത്ത്‌ ഇന്നൊരു ഒത്തു കൂടല്‍ നടന്നു.... ബ്ലോഗ്‌ എഴുത്തിലെ സഹയാത്രികരുടെ ഒരു കൂട്ടായ്മ... കംമ്യുനിടികളുടെയും,ഗ്രൂപുകളുടെയും ( ഓര്‍ക്കുട്ട്, ഫേസ് ബുക്ക്‌ തുടങ്ങിയ സൌഹൃദ കൂട്ടായ്മകളില്‍ ) ഒത്തുകൂട്ടായ്മകളില്‍ ഇതിനു മുന്‍പേ പല തവണ പങ്കെടുത്തിരുന്നു.. അതെല്ലാം തന്നെ മനസ്സില്‍ മായാത്തൊരു നല്ല ഓര്‍മകളുടെ ചിത്രങ്ങളും സമ്മാനിച്ചിരുന്നു..പക്ഷെ വേനല്‍ ചൂടില്‍ പൂത്ത ഗുല്‍ മോഹര്‍ തണലിലൂടെ തുഞ്ചന്‍ പറമ്പിലെ മലയാള ഭാഷയുടെ അങ്കണത്തിലേക്ക് കാലെടുത്തു വക്കുമ്പോള്‍ മനസ്സില്‍, പോയ കാലങ്ങളുടെ മായാ ചിത്രങ്ങളുടെ കണ്ണാടി ബിംപങ്ങള്‍ ആയിരുന്നു... ചടങ്ങില്‍ സംബന്ധിക്കാന്‍ വന്ന മലയാള മനസ്സുകളെ ( കേരളത്തിലെ പല ദേശങ്ങളില്‍ നിന്നും., അന്ന്യ സംസ്ഥാനങ്ങളില്‍ നിന്നു ഈയൊരു ഒത്തുകൂടലിന് ലീവെടുത്ത് വന്ന മലയാളികളും , വിദേശ രാജ്യങ്ങളിലെ പ്രവാസി മലയാളികളും തുടങ്ങിയവര്‍..) പരിജയപ്പെട്ടും, പരിജയപ്പെടുത്തിയും ചെയ്തു, കൊഴിഞ്ഞു പോയ നിമിഷങ്ങളില്‍ ഓര്‍ത്ത ഒരു കാര്യമുണ്ട്. ഒത്തുകൂടലുകള്‍ ഇന്നിന്‍റെ ആവശ്യങ്ങളാണ്. ചിന്തകളുടെയും, ആശയങ്ങളുടെയും പങ്കു വെക്കലുകളും....... പക്ഷെ ഇതിന്റെയെല്ലാം ''സംഘാടനം'' വെറുമൊരു പ്രഹസനം മാത്രമായി തീരരുത്... അക്ഷെരങ്ങളെ, ആശയങ്ങളെ , സ്ഫുടം ചെയ്തു എഴുതുന്ന യഥാര്‍ത്ഥ എഴുത്തുകാര്‍ ( പ്രശസ്തരും ,അപ്രശസ്തരും ആയ ബ്ലോഗെഴുത്തിലെ സുഹൃത്തുക്കള്‍ അവിടെ സന്നിഹിതരായിരുന്നുവെങ്കിലും ,അവരുടെ നൈരാശ്യം മുറ്റിയ മുഖങ്ങള്‍ ഓര്മ വരുന്നു....) അര്‍ഹിക്കുന്ന ഒരു അവകാശം കൂടിയാണത്.. പ്രിന്റിംഗ് മീഡിയയിലായാലും ശരി...ഇലക്ട്രോണിക് മീഡിയയിലായാലും ശരി..., പദങ്ങള്‍ സത്യങ്ങളാണ്.. വെറുമൊരു പ്രഹസന കൂടായ്മയില്‍ പെട്ട് കൊല്ലാക്കൊല ചെയ്യാവുന്ന ഒന്നല്ല പദങ്ങളും, ആശയങ്ങളും എന്ന് തോന്നി പോകുന്നു....



-------------------------------------------------

മറിഞ്ഞ താളുകളിലെ ചില ചുവന്ന പൂക്കള്‍...:























-----------------------------------------------------
കഴിഞ്ഞ വര്‍ഷം കനു സന്യാല്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ആ പഴയ വിപ്ലവകാരിയുടെ കയ്യില്‍ പോയ കാല നക്സല്‍ബാരി ഗ്രാമത്തിന്റെ വിപ്ലവ പ്രതാപങ്ങളോട് യാത്രാമൊഴി ചൊല്ലിയ ഒരു കടാലാസു കുറിപ്പുമുണ്ടായിരുന്നു.. തീവ്ര കമ്മുനിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങളുടെ ചെങ്കൊടിയേന്തിയ അഭിനവ ഇടതു ചാണക്യന്‍മാരുടെ പാര്‍ലമെന്ററി വ്യാമോഹത്തിനെതിരെ നിക്ഷേധത്തിന്റെ കലാപക്കൊടി ഉയര്‍ത്തിയ അദേഹത്തെ ആനാളുകളുടെ അധികാര വെറി പൂണ്ടു നിശബ്ധനാക്കിയതും ലോകം സാകൂതം നോക്കി കണ്ട ഇന്ത്യന്‍ കമ്മ്യുണിസ്റ്റ് പ്രസ്ഥാനങ്ങളായിരുന്നു...!

അറുപതുകളുടെ ഒടുവില്‍ ചാരും മജൂംദാരിനോടൊപ്പം പാര്‍ട്ടി വിടുമ്പോള്‍ ലക്‌ഷ്യം വിഘടിത നക്സല്‍ സംഘടനകളെ ഏകോപിപ്പിക്കുക എന്നതായിരുന്നു. ഭൂ പ്രഭുക്കന്മാര്‍ക്കെതിരെയുള്ള സായുധ കലാപങ്ങളുടെ പേരില്‍ അദ്ദേഹത്തിന് തടവറ ഒരുക്കിയതും ബംഗാളിലെ ഇടതു മുഖ്യന്‍ ജ്യോതി ബസുവിന്റെ കാലത്തായിരുന്നുവെന്നത് ചരിത്രം കുറിച്ച ഒരു വൈരുദ്ധ്യാത്മക മഹാ തമാശ!

മാവോവാദികളുടെ സായുധ വിപ്ലവങ്ങളെ അപലപിച്ച സന്യാല്‍ സിംഗൂരിലെ ഭൂസമരത്തിലും പ്രക്ഷോഭകാരികളെ എകൊപിപ്പിക്കുന്നതില്‍ പ്രയത്നിച്ചിരുന്നു. എന്നാല്‍,നക്സല്‍ ബാരിയുടെ വരണ്ട മണ്ണില്‍ വിപ്ലവത്തിലെ നേരിന്‍റെ വിത്തെറിഞ്ഞ ആ വിപ്ലവകാരിയെ ഒതുക്കാന്‍ ഭരണ വര്‍ഗ്ഗത്തിന്റെ ഇരുണ്ട ഇട നാഴികളില്‍ ഉപജാപങ്ങളുടെ കയര്‍ പിരിച്ചിരുന്നതും ഇടതു ഭരണത്തിന്റെ വരേണ്ന്യ കാലത്തായിരുന്നു. ഇന്ത്യ മുഴുക്കെ അലയടിച്ച നവവിപ്ലവാശയങ്ങളില്‍ ഇങ്ങു വയനാട്ടിലെ തിരുനെല്ലിയില്‍ മുഴങ്ങിയ വെടിയോച്ചകളില്‍ നിലച്ചു പോയ വര്‍ഗീസുമാരുടെ ശബ്ദങ്ങളെ പോല്‍ ഓര്‍മകളുടെ നിശബ്ധമായ താഴ്വരകളിലേക്ക് ആശയങ്ങളെ നിഷ്ക്കരുണം എടുത്തെരിയപ്പെട്ടതും സമകാലിക മാവോയിസ്റ്റ് പാതകളിലെ രക്ത രൂക്ഷിത യുദ്ധങ്ങള്‍ ആയിരുന്നു..(വിപ്ലവം??)

വിപ്ലവ പ്രസ്ഥാനങ്ങളും , ഇടതു ഭരണ കൂടങ്ങളും ആശയങ്ങളുടെ യും,ആദര്‍ശങ്ങളുടെ യും,പ്രത്യയ ശാസ്ത്രങ്ങളുടെയും ചുവന്ന പൂക്കളെ നിര്‍ദയം കശക്കി എറിഞ്ഞപ്പോള്‍ മുറിവേറ്റ മനസ്സുമായി ഇങ്ങു കാലങ്ങള്‍ക്കപ്പുറം നിശബ്ദനായി ഇറങ്ങിപ്പോയ ആ മഹാ വിപ്ലവകാരിയുടെ ഓര്‍മകള്‍ക്ക് മുന്നില്‍ ഒരിറ്റു മിഴിനീര്‍....

ലാല്‍ സലാം.....!!!

---------------------------------------------

അന്യതാ ബോധത്തിലെ ഒരു നേര്‍ കാഴ്ച ..:



-------------------------------------
മലയാളി മനസ്സുകളില്‍ വിവാഹ മോചനം കൂടുന്നു.. ശിഥിലമായ കുടുംബ ബന്ധങ്ങളില്‍ അനാഥത്വം പേറുന്നു കുഞ്ഞുങ്ങളും.. മനസ്സറിഞ്ഞു നടത്തുന്ന വിവാഹ ബന്ധങ്ങള്‍ കേരള നാട്ടില്‍ നടക്കുന്നില്ല എന്നതായിരിക്കാം സത്യം. ജാതി-മത-സമ്പത്ത്-ജാതക പൊരുത്തങ്ങളിലെ വെറും അഞ്ചു മിനിറ്റ് ഉടമ്പടികളില്‍ കുടുങ്ങി, അമ്പതു വരഷങ്ങളോളമുള്ള സഹനങ്ങളാധികവും..പെരുകുന്ന വിവാഹ മോചനങ്ങളുടെ ഉത്തരവാദികള്‍ ഒരു കണക്കിന് നാമടങ്ങുന്ന സമൂഹം തന്നെയാകാം...

ഈ ജീവിത നാടകങ്ങളില്‍ നാം കാണാത്തെ പോകുന്ന ഒരു ഇളം തലമുറകളുടെ കണ്ണീര്‍ വേഷമുണ്ട്... അതേ, അച്ഛനമ്മമാരെ പിരിഞ്ഞിരിക്കേണ്ടി വരുന്ന ''അനാഥരായ'' കുഞ്ഞ് മനസ്സുകള്‍.. കുഞ്ഞ് നാളിലേ വര്‍ണ്ണങ്ങള്‍ മുരടിച്ച മനസ്സുമായി അരക്ഷിതാവസ്ഥയുടെയും , സ്നേഹ ശൂന്യതയുടെയും,പകയുടെയും,വിദ്വേഷത്തിന്റെയും, അസ്വസ്ഥതയില്‍ ഭയപ്പാടിന്റെ ഒരിറ്റു കണ്ണ് നീരുമായ്‌ കഴിയേണ്ട ഭാവിയുടെ ആധാര ശിലകള്‍!

അടുത്തിടെ ഒരു അനാഥാലയം സന്ദര്‍ശിക്കാന്‍ ഇടയായി..ജീവിതത്തിന്റെ പാതാള ഗര്‍ത്തം അറിയാതെ ഇനിയും വറ്റാത്ത കുട്ടിത്തത്തിന്റെ പ്രസരിപ്പോടെ സ്പര്‍ശിക്കുന്ന കുഞ്ഞിളം കൈകള്‍. അനാഥത്വത്തിന്റെ ഒരു നീറ്റല്‍.. വെറുമൊരു മൂഡജന്മത്തിന്റെ നിസ്സഹായ വേദനയില്‍ ആ നക്ഷത്ര കണ്ണുകളെ നേരിടാന്‍ കഴിയാതെ പോയത് എന്‍റെ പിഴ..വലിയ പിഴ... ഒടുവില്‍, സന്ദര്‍ശക പുസ്തക താളുകളില്‍ വാക്കുകളുടെ കണ്ണീര്‍ കുറിച്ചിട്ട്‌ ആ അനാഥ കാഴ്ചകളുടെ പടിയിറങ്ങുമ്പോഴും സങ്കടത്തിന്റെ പുക കാഴ്ചകളെ മൂടുന്ന ആത്മ രോക്ഷം..!
ഒരു മൂഡ ജന്മത്തിന്റെ വെറും വേദനകളുടെ ആത്മ രോക്ഷം....!!

-----------------------------------------

Saturday, April 2, 2011

ശരി തേടി......





തെറ്റുകള്‍ മനുഷ്യ സഹജമാണ്. പശ്ചാതാപവും, തിരുത്തലുകളും,പ്രായശ്ചിത്തവും എല്ലാം മനുഷ്യ മനസ്സിന്റെ നന്മയുടെ തലങ്ങളും.. മൃഗങ്ങളെ അപേക്ഷിച്ച് നമ്മെയൊക്കെ ബഹുമാന്യമാക്കുന്നതും അതൊക്കെ തന്നെ. എന്നാല്‍ അധികാര ദുര്‍വിനിയോഗങ്ങളിലെക്കുള്ള സമകാലിക രാഷ്ട്രീയ വീഥികളിലെല്ലാം തന്നെ ഈ തിരുത്തലുകളും, പശ്ചാത്താപ ബോധവും നിലവില്‍ അന്യം നിന്നു പോയിരിക്കുന്നതാണ് കണ്ടു വരുന്നത് എന്നത് വളരെയേറെ നടുക്കമുളവാക്കുന്ന ഒരു വസ്തുതയാണ്.

ആശയങ്ങളുടെയും, ആദര്‍ശങ്ങളുടെയും ,നീതിശാസ്ത്രങ്ങളുടെയും മഹാഭാണ്ഡം പേറുന്ന ഏതൊരു സമകാലിക രാഷ്ട്രീയ പാര്‍ട്ടികളും തന്നെ ഇപ്പറഞ്ഞ നേരിന്‍റെ തിരുത്തലുകളിലേക്ക് നേരെ കണ്ണടക്കുന്നത് സമൂഹത്തിന്റെ എന്നെല്ല, ഒരു രാഷ്ട്രത്തിന്റെ തന്നെ ജീര്‍ണ്ണതയിലേക്കാണ് നയിക്കുന്നത് എന്നതും ഒരു വലിയ സത്യം. തെറ്റുകളെ ന്യായീകരിക്കുകയും ,അതിനും പുറമേ സ്വന്തം പാര്‍ട്ടിയെയും തെറ്റായ നിലപാടുകളെയും പിന്താങ്ങാന്‍ 'പടക്കുള്ളില്‍' തന്നെ ഒരു 'ഏറാന്‍ മൂളി കോക്കസ്സിനെ' വളര്‍ത്തി വലുതാക്കുക എന്നതും സമകാലിക രാഷ്ട്രീയ പാര്‍ട്ടികളിലെ മുഖ്യ അജന്‍ഡകളാണ്.. നവ ഗാന്ധി പുത്രന്മാരുടെ സ്വന്തം കോണ്‍ഗ്രസ്‌ പാര്‍ട്ടിയും , പാര്‍ലമെന്ടരി വ്യാമോഹത്തെ പ്രണയപൂര്‍വ്വം കടാക്ഷിക്കുന്ന നവ കമ്മ്യുണിസ്റ്റ് സന്തതികളും ഇതു കൂടുതല്‍ അര്‍ത്ഥവത്താക്കുന്നു.. (കംമ്യുനിസ്ടുകള്‍ ഇന്ന് വംശ നാശം നേരിടുന്നൊരു വര്‍ഗമാണ്- ബാക്കി വളരുന്നത്‌ വെറും സ്യൂഡോ സോഷ്യലിസ്റ്റുകളും -സോഷ്യല്‍ ഡെമോക്രാററുകളും ആണല്ലോ..!) ഇതിലെല്ലാം ഒരു പടി മുന്‍പേ വര്‍ഗീയതമേ അക്രമത്തിന്റെ വിഷമൂട്ടി പരിപോഷിപ്പിക്കുന്ന സംഘ പരിവാരവുമെല്ലാം ഒരേ നാണയത്തിന്റെ 'അനേക വശങ്ങളില്‍' ഒന്നു മാത്രം.

വരും ചരിത്രത്തെ നേരിന്‍റെ സ്വപ്നങ്ങളില്‍ കണ്ട കുറെ മൂഡാത്മാക്കള്‍ ഉണ്ടായിരുന്നു നമുക്കിടയില്‍..ഗാന്ധിജി കണ്ട ഇന്ത്യയുടെ സ്വപ്‌നങ്ങള്‍ വലിച്ചെറിഞ്ഞ നാന്‍ നീനാ സാഹ്നിമാരെ തന്തൂരി അടുപ്പിലിട്ടു ചുട്ടു കൊല്ലാനും പഠിച്ചു..രാഷ്ട്രത്തെ ശത കോടികളുടെ അഴിമതി കൂമ്പാരത്തിലേക്ക് കശക്കിയെറിഞ്ഞു..പട്ടിണി പാവങ്ങളുടെ നടുവൊടിഞ്ഞ നികുതിപ്പണം സ്വിസ്സ് ബാങ്കിന്റെ ആരും കാണാത്ത ലോക്കറില്‍ ഏഴു താഴിട്ടു ഭദ്രമാക്കി...ജനാതിപത്യ രാഷ്ട്രം കണ്ണുകളില്‍ ചോര വാര്‍ത്തു.. രക്തം കിനിഞ്ഞു...നിലക്കാതെ..

അഴിമതിയുടെയും, കരിംചന്തയുടെയും,പൂഴ്ത്തിവെപ്പിന്റെയും,പട്ടിണിയുടെയും, തൊഴിലില്ലായ്മയുടെയും കറുത്ത മുഖത്തെ മറയ്ക്കുന്ന വെളുത്ത മൂടുപടവുമായി അധികാര ദേഹങ്ങള്‍ ഇനിയും മാറി വരും..വോട്ടു ചെയ്യാന്‍ വേണ്ടി മാത്രം വിധിക്കപ്പെട്ട പൊതുജനമെന്ന കഴുത അതിന്റെ വികാരം കരഞ്ഞേ തീര്‍ക്കും... ഒറ്റപ്പെടുന്ന ശബ്ദങ്ങളെ ഭരണകൂട ഭീകരതയുടെ ഒരേ വര്‍ണ്ണ മുഖങ്ങള്‍ എന്നെന്നേയ്ക്കുമായി നിശബ്ധരാക്കും...ആയിരം തെറ്റുകള്‍ നൂറാവര്‍ത്തികളില്‍ അതേ കാലത്തിന്റെ നൂറു ശരികളായി അവര്‍ മാറ്റും..നിസ്സങ്ങതയുടെ വര്‍ണ്ണമില്ലാത്ത മുഖംമൂടിയണിഞ്ഞ കെട്ട കാലത്തിന്റെ ഈ ജനത ഭരണ വര്‍ഗ്ഗം ദയാപൂര്‍വ്വം വലിച്ചെറിഞ്ഞ ഉപഭോഗസംസ്ക്കാരത്തിന്റെ എല്ലിന്‍ കഷ്ണം നുണഞ്ഞു വിശപ്പടക്കും..തെറ്റുകള്‍ തിരുത്തലുകളില്ലാതെ തുടരും.. ആവര്‍ത്തനങ്ങളിലെ മഹാ പ്രവേഗങ്ങളെ പ്രതികരണം നഷ്ട്ടപ്പെട്ട ഭാവിജനതയും ഏറ്റു വാങ്ങും.. കാരണം ഇന്നിന്‍റെ തെറ്റുകള്‍ നാളത്തെ ശരികളാണ്... അത് കെട്ട ചരിത്രംഗളുടെ അസ്വസ്ഥമാക്കുന്ന ഒരു സത്യം..