Friday, October 9, 2009

പ്രിയേ, വെറും പ്രണയമാണിത് ..




----------------------
വികാര തീരങ്ങള്‍ക്ക് ഇക്കരെ
പകല്‍ കിനാക്കളുടെ
ചിതയൊരുന്ഗുന്നു.
ഭഗ്ന മോഹങ്ങളുടെ
കണ്ണാടി ചീളുകളില്‍
ഒരു മിന്നാ മിനുങ്ങിന്റെ
ഹരിതകാന്തി മുനിയുന്നു.

നിദ്രകള്‍ക്കു മേല്‍
കാര്‍ വര്‍ണ്ണം പെയ്തു തീര്‍ത്ത
തുലാവര്‍ഷ രാവുകള്‍ .,
സ്വപ്നം ക്ഷയിച്ച രാത്രി.

നിന്‍റെ പതിഞ്ഞ
നിശ്വാസത്തിന്റെ ഉഷ്ണമേറ്റ്
ആഴിയും ,ആകാശവും
ഇനിയും ഉണരരുത് .
ഓര്‍ക്കുക പ്രിയേ ,
വെറും പ്രണയമാണിത്.

വിദൂര ജനല്‍ കാഴ്ചകളുടെ
വേദനയില്‍ ആണ്ടു പോയ
നിഴല്‍ പാടുകള്‍.
വികാരങ്ങള്‍ ഇനിയും
നങ്കൂരമിടുമ്പോള്‍
സ്വപ്നങ്ങളുടെ പായ് മരം
ഇനിയെന്തിനു ?

മൃഗതൃഷ്ണ വമിക്കുന്ന
കാമാഗ്നിയില്‍,
ചഷക ലഹരിയില്‍ ,
പ്രണയ വാല്‍സല്യത്തിന്‍
മുല പാല്‍ ചുരക്കുന്നോള്‍ .
ഉടഞ്ഞ കുപ്പി വളപ്പൊട്ടുകള്‍ക്ക് മേല്‍
ഒരു ശതാവരി ഇലയുടെ
അസ്ഥികൂടം .

ഒരു പനിനീര്‍ പൂവില്‍
വാസന്ത രേണുക്കള്‍
കരിഞ്ഞു വീഴുമ്പോള്‍,
നീ നിന്‍റെ മേല്‍ വിലാസം
തിരയുന്നതെന്തിനു ?

അരുത് പ്രിയേ ,
ഇനിയും ഒരിറ്റു മിഴി നീര്‍ ,
വെറും പ്രണയമാണിത്.



----------------------------

Monday, July 20, 2009

നീ പകര്‍ന്നത്

തഴുകുന്ന തെന്നലില്‍
നിന്‍ സ്നേഹ സ്വാന്തനം.
മൂടുന്ന കുളിര്‍ മഞ്ഞില്‍
നിന്‍ മൃദു സ്പര്‍ശനം .
പാല പൂത്ത രാത്രിയില്‍
ഇനി മേനിതന്‍ ഗന്ധം.
ആമ്പല്‍കുള കല്‍പടവുകളില്‍
നിന്‍ പദനിസ്വനം.
ധനുമാസം ചൊരിയും നിലാവില്‍
നിന്‍ മന്ദഹാസം.
കുയിലിന്‍ അജ്ഞ്യാത രാഗത്തില്‍
നിന്‍ പരിഭവ സ്വരം .
വിട പറഞ്ഞകലും സന്ധ്യയില്‍
നിന്‍ യാത്രാമൊഴി .
ഒടുവില്‍.,
വിരഹമേകിയ മുറിപ്പാടില്‍
അമൂര്‍ത്തമായ് നിന്‍ രൂപം...

Sunday, June 21, 2009

വസന്ത ജ്വാലകള്‍

ഹരിത കമ്പളം ശവക്കച്ച
പുതക്കുന്നൊരീ
മേയ് മാസ ലഹരി.
പ്രിയേ,
പൂക്കാതെ പോയതും ,
പൂക്കാനിരുന്നതും ..,
പൂവിടും മുന്‍പേ കൊഴിഞ്ഞു മാഞ്ഞതും..,
സ്വപ്‌നങ്ങള്‍..ബിംബങ്ങള്‍..
വാസന്ത വേഗങ്ങള്‍..

ഇന്നലെ:
നിന്റെ ഹൃദയ രക്തം തുടിപ്പുകള്‍ അറിഞ്ഞത്
എന്റെ പ്രാണന്റെ നീലിച്ച മൂകതയിലായിരുന്നു.
കനവിന്റെ പച്ചപ്പുകള്‍ക്കുമപ്പുറം
നിനവിന്റെ മരുഭൂമിയാണെന്ന്
നിന്നോട് പറഞ്ഞതാരാണ് ?

ഇന്ന്:
രതിയും ,പ്രണയവും
വാക്കിന്റെ വ്യാപാരങ്ങളില്‍
വില പറയുമ്പോള്‍ ,
ഒരു വാക്കിന്റെ വ്യഗ്രതയില്‍
മരണം കണ്‍ തുറക്കുമ്പോള്‍ '
പ്രണയ വസന്തത്തിന്റെ വിണ്‍ പട്ടുചേല
ഉലഞ്ഞു വീണടിയുമ്പോള്‍ ..,
നീ കാണുക .
പതിയെ വീണുടഞ്ഞു പോയ
സ്ഫടിക സ്വപ്നങ്ങളിലെ
മഴവില്‍ പുഞ്ചിരി ..

ഇനിയൊരു നാള്‍ :
ഓര്‍ക്കുക പ്രിയേ ,
നിലാവിന്റെ തീരാ തീരങ്ങളില്‍
ഋതു കാലവേഗങ്ങള്‍
കൂടണയുമ്പോള്‍
ഊതി അണക്കരുത് ,
മുറിവേറ്റ ജ്വാലകളുടെ
ബീജ സങ്കല്‍പ്പങ്ങളെ.